കൊച്ചി: നഗരത്തിൽ പെൺകുട്ടികൾക്കും വനിതകൾക്കും സുരക്ഷിതമായി താമസിക്കാൻ ഷീ ഹോസ്റ്റൽ വരുന്നു. വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജി.സി.ഡി.എ) ഉടമസ്ഥതയിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചൊവ്വാഴ്ച ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം 23 സെന്റ് സ്ഥലത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായാണ് ‘ഷീ ഹോസ്റ്റൽ’ പദ്ധതി വിഭാവനം ചെയ്യുന്നത്. 7.5 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാകുന്നത്. അഞ്ച് നിലകളിലായാണ് നിർമാണം. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് കൊച്ചിയിൽ താമസിക്കുന്ന വനിതകളുടെ എണ്ണം അസംഖ്യമാണ്. നിലവിൽ പല സ്വകാര്യ ഹോസ്റ്റലുകളുണ്ടെങ്കിലും ഉയർന്ന ഫീസ് പലർക്കും താങ്ങാനാകില്ല.ചൊവ്വാഴ്ച രാവിലെ 9.30നാണ് തറക്കല്ലിടൽ. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും. കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. നിലവിൽ കൊച്ചി കോർപറേഷന് കീഴിൽ എറണാകുളം നോർത്തിൽ ഷീ ലോഡ്ജ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനം തുടങ്ങി ഒമ്പതുമാസം പിന്നിട്ടപ്പോൾ 24 ലക്ഷം രൂപ ലാഭം ലഭിച്ചു. നഗരത്തിൽ പല കാര്യങ്ങൾക്കായി വന്ന് അന്തിയുറങ്ങേണ്ടിവരുന്ന സ്ത്രീകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത താമസം ഒരുക്കുകയാണ് ഷീ ലോഡ്ജിലൂടെ.