കണ്ണൂർ: വളരെ നല്ല സിനിമകള്‍ ചെയ്യുക എന്നത് അത്ഭുതമാണെന്ന് തെന്നിന്ത്യന്‍ നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ആരംഭിച്ച രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സിനിമ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു നല്ല സിനിമ യുദ്ധവും വളരെ നല്ല സിനിമ ചെയ്യുക എന്നത് അത്ഭുതവുമാണ്. ആ അത്ഭുതം കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നാം നമ്മെ തന്നെ കാണുന്ന കണ്ണാടിയാണ് സിനിമ. യാഥാര്‍ഥ്യ ബോധമുള്ള കഥകള്‍ ജനിക്കുമ്പോഴാണ് അത് സാധ്യമാകുക. ഞങ്ങളുടെ ചെറുപ്പകാലത്ത് നല്ല സിനിമകള്‍ എവിടെ കാണുമെന്ന് പറഞ്ഞ് തരാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ന് അതിനുള്ള ഉത്തരമാണ് ചലച്ചിത്ര മേളകള്‍. കലാകാരന്‍മാര്‍, നിരൂപകര്‍, വിമര്‍ശകര്‍, പ്രേക്ഷകര്‍ എന്നിവര്‍ ഒത്തുചേരുകയും കലയെ ആഘോഷമാക്കുകയും ചെയ്യുന്ന ഇടം കൂടിയാണിത്. ബുദ്ധന് ബോധി വൃക്ഷം ലഭിച്ചത് പോലെയാണ് കലാകാരന്‍മാര്‍ക്ക് ഇത്തരം മേളകള്‍. അറിവ് സാംശീകരിച്ചു കൊണ്ടേയിരിക്കാം. വര്‍ഷങ്ങളായി ഈ മേഖലയിലുള്ള താന്‍ ഇന്നും ഒരു വിദ്യാര്‍ഥിയാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. എന്നാല്‍ ഇതുവരെ കണ്ട സിനിമകളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായി. തെന്നിന്ത്യയില്‍ മലയാള സിനിമ തികച്ചും വ്യത്യസ്തമാണ്. കഥയിലെ യാഥാര്‍ഥ്യ ബോധമാണ് മലയാളത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. ഹാപ്പിനസിനായി തളിപ്പറമ്പില്‍ മേള സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും സുഹാസിനി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി ക്ലാസിക്, ക്ലാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ‘ദ ഓള്‍ഡ് ഓക്ക്’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 28ാമത് ഐ എഫ് എഫ് കെയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളാണ് മേളയിലുള്ളത്. നവതി നിറവിലത്തെിയ എം ടിക്കും നടന്‍ മധുവിനും ആദരവായി ഇരുവരുടെയും ചലച്ചിത്ര ജീവിതത്തില്‍ നിന്നുള്ള അനര്‍ഘ നിമിഷങ്ങള്‍ ഒപ്പിയെടുത്ത ‘എം ടി,മധു @90’ എന്ന എക്സിബിഷന്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചിട്ടുണ്ട്.
ക്ലാസിക് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സിനിമ മനുഷ്യനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ലോകത്തെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി സിനിമക്കുണ്ടെന്നും എം എല്‍ എ പറഞ്ഞു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ ഫെസ്റ്റിവെല്‍ ബുക്ക് നടന്‍ സന്തോഷ് കീഴാറ്റൂരിന് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഫെസ്റ്റിവെല്‍ ബുള്ളറ്റിന്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന് നല്‍കി പ്രകാശനം ചെയ്തു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് സുഹാസിനി ഉപഹാരങ്ങള്‍ കൈമാറി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വിസ്മയ പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ സന്തോഷ്, സംവിധായകരും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുമായ മനോജ് കാന, പ്രദീപ് ചൊക്ലി, സംവിധായകനും സംഘാടക സമിതി കണ്‍വീനറുമായ ഷെറി ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു