ന്യൂഡൽഹി: വന്ദേഭാരതിനായി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നതിൽ പ്രതിഷേധവുമായി വി. ശിവദാസൻ എംപി. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതായി എംപി അറിയിച്ചു.
വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നും എംപി കത്തിൽ ആവശ്യപ്പട്ടു.
വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നതിനാൽ ബാക്കി സർവീസുകൾ അവതാളത്തിലാണ്. തൊഴിലാളികൾ ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ പിടിച്ചിടുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ജീവനക്കാർ ജോലിസ്ഥലങ്ങളിൽ എത്താൻ വൈകുന്നതിന് ഇത് കാരണമാകുന്നു. കോച്ചുകളുടെ എണ്ണം കുറച്ചതും യാത്രാ ദുരിതം ഇരട്ടിയാക്കി എന്ന് അദ്ദേഹം പറഞ്ഞു.
പിടിച്ചിടുന്ന പല ട്രെയിനുകളിലും യാത്രക്കാർ ബോധംകെട്ട് വീഴുന്ന സംഭവങ്ങൾ ഉണ്ട്. റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി പരിഹരിച്ച് ആധുനീക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ട സമയം കഴിഞ്ഞതായും എംപി വിമർശിച്ചു