തിരുവനന്തപുരം : 2024 ജനുവരി 18
2047 ആകുമ്പോൾ ഇന്ത്യ എല്ലാവരും സുഖ സമൃദ്ധിയിൽ ജീവിക്കുന്ന വികസിത രാജ്യമായി മാറണമെന്നും അതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ വികസന, ക്ഷേമ പദ്ധതികളിൽ അർഹരായ എല്ലാവരും പങ്കാളികളാകണമെന്നും കേന്ദ്ര വിദേശകാര്യ പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ. അതിനുള്ള അവസരമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്രയിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ തിരുവല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാരിൻ്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ജനങ്ങൾ ജീവിത നിലവാരം മെച്ചപ്പെടുത്തുമ്പോൾ രാജ്യം വികസനത്തിലേക്ക് കുതിക്കും. അതിനോടൊപ്പം നല്ല റോഡ്, വീട്, തൊഴിൽ അവസരങ്ങൾ, ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു. അങ്ങനെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാൻമാർ വിഭാവനം ചെയ്തതു പോലെയുള്ള രാജ്യം 2047 ഓടെ നമുക്ക് കെട്ടിപ്പെടുക്കാനാകുമെന്നും ശ്രീ വി മുരളീധരൻ കൂട്ടിച്ചേർത്തു.
നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 25 കോടി ആളുകൾ ദാരിദ്രത്തിൽ നിന്ന് കരകയറി. കോടിക്കണക്കിന് ആളുകൾക്ക് അപകട ഇൻഷുറൻസും പെൻഷൻ പദ്ധതിയും നൽകി. എന്നാൽ നമ്മുടെ രാജ്യത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കേൾക്കാനും വിവിധ കേന്ദ്ര സർക്കാർ പദ്ധതികളിൽ അവരെ അംഗങ്ങളാക്കാനും ലക്ഷ്യമിട്ടുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. പാർവതി ഐഐഎസ്, എസ്ബിഐ ഡിജിഎം ദീപക് ലിങ്‌വാൾ, എസ്ബിഐ റീജിയണൽ മാനേജർ മോഹൻ കുമാർ ആർ. നായർ, വാർഡ് കൗൺസിലർ സത്യവതി, ലീഡ് ഡിസ്ട്രിക് മാനേജർ എസ്. ജയമോഹൻ, അഡ്വ വി. വി. രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏഴ് ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ തത്സമയ ആശയ വിനിമയവും പരിപാടിയിൽ പ്രദർശിപ്പിച്ചു.
തിരുവനന്തപുരം നഗരത്തിൽ ഇതുവരെ 28 സ്ഥലങ്ങളിൽ പര്യടനം പൂർത്തിയാക്കിയ വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും ഈ മാസം 25 വരെ പര്യടനം നടത്തും.
ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനും ഉണ്ടാകും.
വികസിത ഭാരത സങ്കൽപ്പ യാത്ര പരിപാടി നാളെ (19.01.2024) കരിക്കകം (കാനറാ ബാങ്ക്) , ചാക്ക (സൗത്ത് ഇന്ത്യൻ ബാങ്ക്) എന്നിവിടങ്ങളിൽ നടക്കും.