സംസ്ഥാനത്ത് ചൂട് കൂടിവരുന്നതോടെ മഞ്ഞപ്പിത്തരോഗ ഭീഷണിയും ഉയരുന്നു

കൽപറ്റ: സംസ്ഥാനത്ത് ചൂട് കൂടിവരുന്നതോടെ മഞ്ഞപ്പിത്തരോഗ ഭീഷണിയും ഉയരുന്നു. രോഗത്തെ വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ ജീവനുതന്നെ ഹാനികരമാകുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.കരളിന് വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ, ജി എന്നീ വൈറസുകളാണ് വിവിധ മഞ്ഞപ്പിത്ത അണുബാധക്കു കാരണം.ചർമത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട് എന്നിവ മുഖ്യലക്ഷണങ്ങള്‍.

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2011 മുതൽ 2022 വരെയുള്ള 12 വർഷത്തിനിടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് 28,002 പേരെയും, ഹെപ്പറ്റൈറ്റിസ് ബി വൈറസ് 11,471 പേരെയും രോഗികളാക്കി. ഈകാലയളവിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച് 92 പേർക്ക് ജീവൻ നഷ്ടമായി.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് 135 പേരും മരിച്ചു. 2020 മുതൽ 2022 വരെയുള്ള മൂന്നുവർഷത്തിനുള്ളിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധിച്ചത് 699 പേർക്കാണ്.

ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്തു. ഈ കാലയളവിൽ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് ബാധിച്ചത് പത്തുപേർക്കാണ്.

Leave a Reply