ആലപ്പുഴ: സഭാചരിത്ര പണ്ഡിതനും ആലപ്പുഴ രൂപതാ അംഗവുമായ ഷെവലിയർ പ്രൊഫ. ഏബ്രഹാം അറയ്ക്കൽ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 10.30-നായിരുന്നു അന്ത്യം. എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ പദവി വഹിച്ചിട്ടുള്ള ഏബ്രഹാം അറയ്ക്കൽ സഭാ ചരിത്രകാരൻ, ലേഖകൻ, നിരൂപകൻ, പത്രപ്രവർത്തകൻ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ അംഗം, സിബിസിഐയുടെ ദേശീയ ഉപദേശക സമിതി അംഗം, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ വൈസ് പ്രസിഡന്റ്, സദ്വാർത്ത പത്രത്തിന്റെ ചീഫ് എഡിറ്റർ, കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സ്ഥാപക അംഗം, ഗവ. കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കേരള സ്ഥാപക പ്രസിഡന്റ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് അംഗം, കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 2007-ൽ പ്രൊഫ. ഏബ്രഹാം അറയ്ക്കലിനെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു.
ഭാര്യ: പരേതയായ റീനി എബ്രഹാം (റിട്ട. അധ്യാപിക സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ ആലപ്പുഴ). പിതാവ്: പരേതനായ മുൻ ആലപ്പുഴ എം.എൽ.എ. അഡ്വ. ഈപ്പൻ അറയ്ക്കൽ. മാതാവ്: പരേതയായ ഏലിയാമ്മ ഈപ്പൻ റിട്ട. അധ്യാപിക (സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്).സംസ്കാരം ശനിയാഴ്ച (20-01-2024) രാവിലെ ഒമ്പതിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തിഡ്രൽ സെമിത്തേരിയിൽ.